Vartha.ch

ഖത്തര്‍ വിമാനത്താവളത്തിലൂടെ കടന്നുപോകുന്ന യാത്രികര്‍ക്ക് സൗജന്യമായി ആഡംബര ഹോട്ടലുകളില്‍ താമസവും വീസയും

hihi

ദോഹ: വേനല്‍ക്കാലത്തു ഖത്തറിലേക്കു കൂടുതല്‍ സഞ്ചാരികളെ എത്തിക്കാന്‍ ക്യുടിഎ (ഖത്തര്‍ ടൂറിസം അതോറിറ്റി)യുടെ സഹകരണത്തോടെ ഖത്തര്‍ എയര്‍വേയ്‌സ് 'പ്ലസ് ഖത്തര്‍' എന്ന പേരില്‍ പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങളില്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നുപോകുന്ന യാത്രികര്‍ക്ക് സൗജന്യമായി ഖത്തറിലെ ആഡംബര ഹോട്ടലുകളില്‍ താമസ സൗകര്യവും സൗജന്യ സന്ദര്‍ശക വീസയും ലഭ്യമാക്കുന്നതാണ് പ്ലസ് ഖത്തര്‍ പദ്ധതി. ഹമദ് വിമാനത്താവളത്തെ വെറും സ്‌റ്റോപ് ഓവര്‍ മാത്രമാക്കുന്ന യാത്രക്കാരെ ദോഹയില്‍ തങ്ങി ഖത്തറിലെ വിനോദസഞ്ചാരത്തിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യം.

രാജ്യാന്തര യാത്രകളില്‍ ഹമദില്‍ ഇറങ്ങി വിമാനം മാറിക്കയറുന്ന യാത്രക്കാര്‍ക്ക് ദോഹയിലെ ഫോര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലാണ് ഒരു രാത്രി സൗജന്യ താമസം ലഭ്യമാക്കുക. രണ്ടു രാത്രി ദോഹയില്‍ തങ്ങണമെങ്കില്‍ ടിക്കറ്റ് എടുക്കുമ്പോള്‍ 50 ഡോളര്‍ ബുക്കിങ് ഫീസായി അടച്ചാല്‍ മതി. ദ് ഫോര്‍ സീസണ്‍സ്, മാരിയറ്റ് മാര്‍ക്വിസ്, റാഡിസണ്‍ ബ്ലൂ, ഒറിക്‌സ് റൊട്ടാന എന്നീ ഹോട്ടലുകളിലാണ് സൗജന്യ താമസസൗകര്യം ലഭിക്കുക. വേനല്‍ക്കാലം അവസാനിക്കും വരെയാണ് ഈ സൗജന്യം. ഖത്തറില്‍ തങ്ങുന്ന യാത്രക്കാര്‍ക്കായി

നഗരസന്ദര്‍ശനത്തിനും ഡെസേര്‍ട്ട് സഫാരിക്കും, ആഡംബര ദൗ ബോട്ടില്‍ കടലില്‍ ചുറ്റാനും ഭക്ഷണം കഴിക്കാനും ഉള്ള സൗകര്യവും ലഭിക്കും.ഖത്തറിനെ അടുത്തറിയാനും അറേബ്യന്‍ ആതിഥ്യമര്യാദ നേരില്‍ മനസ്സിലാക്കാനും ഇതിലൂടെ സഞ്ചാരികള്‍ക്കാവും. ഖത്തര്‍ സന്ദര്‍ശിക്കാന്‍ വിദേശ രാജ്യങ്ങളില്‍ പ്രചാരണം സംഘടിപ്പിക്കാന്‍ ക്യുടിഎ ഈയിടെ രൂപം കൊടുത്ത ഡിസ്‌കവര്‍ ഖത്തര്‍ എന്ന കമ്പനിയാണ് ഈ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നത്.ബഹുനഗര യാത്രയ്ക്കു ഖത്തര്‍ എയര്‍വേയ്‌സ് വെബ്‌സൈറ്റില്‍ ടിക്കറ്റ് ബുക് ചെയ്യുന്നവര്‍ക്കെല്ലാം ഈ സൗജന്യങ്ങള്‍ ലഭ്യമാകും. ടിക്കറ്റ് കണ്‍ഫേം ചെയ്തു കഴിഞ്ഞാല്‍ തങ്ങാനിഷ്ടമുള്ള ഹോട്ടല്‍ തിരഞ്ഞെടുക്കാം. 96 മണിക്കൂര്‍ നേരത്തേക്കുള്ള ട്രാന്‍സിറ്റ് വീസയ്ക്കും സൗജന്യമായി അപേക്ഷിക്കാം. പ്രീമിയം, ഇക്കോണമി ടിക്കറ്റുകളില്‍ ഒരുപോലെ ഈ സൗജന്യങ്ങള്‍ ലഭ്യമാണെന്നു ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു. ഹമദ് വിമാനത്താവളത്തിലൂടെ കടന്നുപോകുന്നതു മൂന്നുകോടി യാത്രക്കാരാണ്. ഇവരില്‍ കഴിയുന്നത്ര പേരെ ഖത്തര്‍ സന്ദര്‍ശിക്കാന്‍ പ്രേരിപ്പിക്കുകയാണ് പ്ലസ് ഖത്തര്‍ പദ്ധതിയുടെ ലക്ഷ്യമെന്നു ക്യുടിഎ ചീഫ് ടൂറിസം ഡവലപ്‌മെന്റ് ഓഫിസര്‍ ഹസന്‍ അല്‍ ഇബ്രാഹിം പറഞ്ഞു.

ഹമദ് വിമാനത്താവളത്തിലൂടെ കടന്നുപോകുന്ന യാത്രക്കാര്‍ക്കു ഖത്തറിലെ വിനോദസഞ്ചാരപൈതൃക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ സൗകര്യമൊരുക്കുന്നതിനായി കഴിഞ്ഞ നവംബര്‍ മുതലാണ് ഖത്തര്‍ ടൂറിസം അതോറിറ്റി മുന്‍കയ്യെടുത്തു ട്രാന്‍സിറ്റ് വീസ ലഭ്യമാക്കിത്തുടങ്ങിയത്. അതിനുശേഷം ഖത്തറില്‍ ഒരു ദിവസമെങ്കിലും തങ്ങി കടന്നുപോകുന്ന യാത്രക്കാരുടെ എണ്ണത്തില്‍ 53% വര്‍ധന ഉണ്ടായിട്ടുണ്ടെന്നു ക്യുടിഎ അറിയിച്ചു.




www.vartha.ch