Vartha.ch

യോഗ, ധ്യാനം, ജീവിതം - കടപ്പാട്‌: വിവിധ വെബ്‌ സൈറ്റുകളോട്‌

Prithviraj and Supriya Menon


യോഗ, ധ്യാനം, ജീവിതം - കടപ്പാട്‌: വിവിധ വെബ്‌ സൈറ്റുകളോട്‌

തമിഴന്റെ മനസാണ്‌ ഈ ശരീരം. താരരാജാവിന്റെ ഭാവപ്പകര്‍ച്ചയില്ലെങ്കിലും രജനി സ്വയം ഒരു 'സ്‌റ്റൈല്‍' ആണ്‌. ഇല്ലായ്‌മയില്‍ നിന്നും വിജയത്തിന്റെ ആകാശത്തേക്ക്‌ പറന്ന രജനികാന്ത്‌ എന്ന മനുഷ്യനെക്കുറിച്ച്‌

ചീറിപ്പാഞ്ഞുവരുന്ന വെടിയുണ്ടകള്‍ക്കു മുന്നില്‍ നെഞ്ചുവിരിച്ചു നില്‍ക്കും. എന്നിട്ട്‌ ആ വെടിയുണ്ടകള്‍ കൈക്കുമ്പിളിലൊതുക്കും. സായുധരായ നൂറുകണക്കിന്‌ എതിരാളികളെ ആകാശത്തേക്ക്‌ ഉയര്‍ന്ന്‌ പറന്ന്‌ ചുഴറ്റിയെറിയും. നിലത്ത്‌ ആഞ്ഞു ചവിട്ടമ്പോള്‍ ഭൂമി പിളരും. മരങ്ങള്‍ നിലംപൊത്തും. അപ്പോഴെല്ലാം സിനിമാക്കൊട്ടകകള്‍ ഇളകി മറിയും. 'തലൈവര്‍... തലൈവര്‍...' എന്ന ആര്‍പ്പുവിളി ഉയരും. സ്‌ക്രീനിനു മുന്നില്‍ പുഷ്‌പാഭിഷേകം നടക്കും. ആരതി ഉഴിയും. നീണ്ടു മെലിഞ്ഞ ആ മനുഷ്യന്‍ വെള്ളിത്തിരയില്‍ നിറഞ്ഞൊഴുകുമ്പോള്‍ തമിഴ്‌മക്കള്‍ക്ക്‌ അയാള്‍ അവതാര പുരുഷനാകുന്നു. രജനികാന്ത്‌ എന്ന 'ദൈവം'.

സിനിമ വിട്ടാല്‍ അയാള്‍ വെറും തമിഴനാണ്‌. ചിലപ്പോള്‍ ഹിമാലയത്തില്‍. കാവിമുണ്ടും വെള്ള ജുബ്ബയും ധരിച്ച്‌ മഞ്ഞും തണുപ്പും മൂടിയ ഹിമഗുഹയില്‍ സ്വയം അലിഞ്ഞ്‌ ധ്യാനനിരതനാകും. സിനിമയില്‍ കാണുന്നതുപോലെ തിളക്കമുള്ള നീളന്‍ മുടിയും കറുകറുത്ത സിംഹത്താടിയുമൊന്നും അപ്പോള്‍ ഉണ്ടാവില്ല. അറുപത്തിരണ്ടു വയസുതീര്‍ത്ത കഷണ്ടിയും ചുളിവു വീണ മുഖവുമായി താരപ്പൊലിമ ഒട്ടുമില്ലാതെ ഒരു സന്യാസിയാവും. അല്ലെങ്കില്‍ ചെന്നൈ പയസ്‌ ഗാര്‍ഡനിലെ നടവഴികളില്‍ ഒരു സാധാരണക്കാരനാവും. ഇതാണ്‌ യഥാര്‍ഥ രജനി സ്‌റ്റൈല്‍. സ്‌റ്റൈല്‍ മന്നന്റെ 'തനി സ്‌റ്റൈല്‍'.

ധ്യാനമാണ്‌ ജീവിതം

ഓരോ സിനിമ പുറത്തിറങ്ങുമ്പോഴും രജനി ആ ആരവങ്ങള്‍ക്കിടയില്‍ നിന്നും ആരോടും ഒന്നും പറയാതെ ഒറ്റയ്‌ക്ക് യാത്രപോകും. ഹിമാലയം കയറും. ദിവസങ്ങളോളം അവിടെ ധ്യാനമിരിക്കും.

''ആരോഗ്യസംരക്ഷണത്തില്‍ പണ്ടും പ്രാധാന്യം നല്‍കിയിട്ടില്ല. ചെറുപ്പം മുതല്‍ അലച്ചിലും യാത്രകളുമായിരുന്നു. ഇതിനിടെ സുരക്ഷിതമായൊരു ജീവിതരീതി പോലും രൂപപ്പെടുത്തിയെടുക്കാനായില്ല. ധ്യാനം കുറേ വര്‍ഷമായുണ്ട്‌.'' സിനിമയുടെ തിരക്കുകളില്ലെങ്കില്‍ രജനി ധ്യാനത്തിനു വേണ്ടി സമയം കണ്ടെത്തും. പയസ്‌ ഗാര്‍ഡനിലെ വീടിനോട്‌ ചേര്‍ന്ന്‌ അതിമനോഹരമായ ഫാം ഹൗസ്‌ രജനി പണികഴിപ്പിച്ചിട്ടുണ്ട്‌. ധ്യാനവും യോഗയും ഇവിടെയാണ്‌. ''മനസ്‌ എപ്പോഴും നമ്മുടെ പിടിയില്‍ നില്‍ക്കണമെന്നില്ല. എന്നും എപ്പോഴും ചിന്തിക്കാനും ഓര്‍മ്മിക്കാനും എന്തെങ്കിലും ഉണ്ടാവും. ഇളകി മറിഞ്ഞുകൊണ്ടിരിക്കും. എന്നാല്‍ മനസിന്‌ ശാന്തത ആവശ്യമാണ്‌. അതു നാം മനസിന്‌ നല്‍കണം. അതിനു വേണ്ടി സയമം കണ്ടെത്തണം. ധ്യാനത്തിലൂടെ മനസിന്റെ നിയന്ത്രണം വീണ്ടെടുക്കാന്‍ എനിക്കാവുന്നുണ്ട്‌. മനസിനെ നിയന്ത്രിച്ചാല്‍ ശരീരവും ആരോഗ്യത്തോടെ നിലനില്‍ക്കും.''

സൗന്ദര്യത്തിലെ വിശ്വാസം

സിനിമയ്‌ക്കു പുറത്ത്‌ രജനി തനി നാടനാണ്‌. സിനിമാ നായക സൗന്ദര്യത്തെ തൂത്തെറിഞ്ഞ നടന്‍ കൂടിയാണ്‌ രജനികാന്ത്‌. അഭിനയ മികവുകൊണ്ട്‌, പെരുമാറ്റത്തിന്റെ ആകര്‍ഷണം കൊണ്ട്‌ കോടിക്കണക്കിന്‌ ആരാധകരുടെ ഹൃദയം കവരാന്‍ രജനിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ''സൗന്ദര്യം സിനിമയില്‍ മാത്രം മതി എന്നു വിശ്വസിക്കുന്നയാളാണ്‌ ഞാന്‍. സിനിമയില്‍ അങ്ങനെയിരിക്കാനും പെരുമാറാനും വേണ്ടിയാണ്‌ നിര്‍മാതാക്കള്‍ പണം തരുന്നത്‌. ആളുകള്‍ ടിക്കറ്റ്‌ എടുത്ത്‌ സിനിമ കാണാന്‍ എത്തുന്നത്‌. ഞാന്‍ വേഷമിടുന്നു. രൂപം മാറ്റുന്നു. അതെല്ലാം പ്രേക്ഷകര്‍ക്കു വേണ്ടിയാണ്‌. ഷൂട്ടിംഗ്‌ കഴിഞ്ഞാല്‍ ഞാന്‍ വെറും സാധാരണ മനഷ്യനാണ്‌.''

ചമയങ്ങളില്ലാതെ പൊതു വേദികളില്‍ പ്രത്യക്ഷപ്പെടുന്ന രജനി പലപ്പോഴും ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്‌. മേക്കപ്പില്ലാതെ വീടിന്‌ പുറത്തിറങ്ങാത്ത നടന്മാര്‍ക്കു മുന്നില്‍ രജനി വേറിട്ടു നില്‍ക്കുകയാണ്‌. ''എന്നെ കാണാനല്ല ആളുകള്‍ തിയറ്ററിലെത്തുന്നത്‌. എന്റെ കഥാപാത്രത്തെ കാണാനാണ്‌. ഞാന്‍ എന്താണെന്ന്‌ എനിക്കറിയാം. അതുകൊണ്ട്‌ സാധാരണ ജീവിതത്തില്‍ മേക്കപ്പിലൊന്നും ഒട്ടും പ്രാധാന്യം നല്‍കാറില്ല. സിനിമയില്‍ അഭിനയിക്കുന്നു എന്ന ഒറ്റ കാരണംകൊണ്ട്‌ സിനിമയ്‌ക്കു പുറത്തും സിനിമാ നടനായി ജീവിക്കേണ്ടതില്ല.'' ചുമട്ടു തൊഴിലാളിയായും ബസ്‌ കണ്ടക്‌ടറായും, പിന്നിട്ട വഴികള്‍ രജനി മറക്കുന്നില്ല.

യോഗയിലൂടെ ഫിറ്റ്‌നസ്‌

ആത്മീയതയുടെ തീരങ്ങളിലാണ്‌ രജനിയെ പലപ്പോഴും കാണുക. വര്‍ഷങ്ങളായി യോഗ അഭ്യസിക്കുന്നു. യോഗയും മെഡിറ്റേഷനും ചേര്‍ന്നതാണ്‌ രജനിയുടെ ഫിറ്റ്‌നസ്‌ രഹസ്യം. ''ഫിറ്റ്‌നെസ്‌ കാത്തു സൂക്ഷിക്കേണ്ടത്‌ എന്റെ ആവശ്യമാണ്‌. ജനങ്ങളുടെ മനസിലെ നായകന്‍ ശക്‌തനും ധീരനുമാണ്‌. ആരോഗ്യമുള്ള ഒരു വ്യക്‌തിക്കുമാത്രമേ ആരോഗ്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനാവുകയുള്ളൂ എന്നാണ്‌ എന്റെ വിശ്വാസം. അതുകൊണ്ട്‌ പതിവായി യോഗ ചെയ്യുന്നു. ഇതിനു പുറമേ എക്‌സര്‍സൈസും ഉണ്ട്‌. എനിക്ക്‌ ആരോഗ്യത്തോടെയിരിക്കേണ്ടതുണ്ട്‌.'' ആരോഗ്യമാണ്‌ ഏതൊരു വ്യക്‌തിയുടെയും സമ്പാദ്യം എന്ന്‌ രജനി. ''എനിക്ക്‌ എന്റെ ജീവിതത്തില്‍ സമ്പാദിക്കാന്‍ കഴിയുന്നത്‌ ആരോഗ്യമാണ്‌. ജിമ്മില്‍ പോകാനും കഠിന വ്യായാമങ്ങള്‍ ചെയ്യാനും എന്റെ ശരീരപ്രകൃതിയും സ്വഭാവവും അനുസരിച്ച്‌ സാധിച്ചെന്നു വരില്ല. പകരം യോഗ ചെയ്യും. മനസിനെയും ശരീരത്തെയും ഒരുപോലെ സംരക്ഷിക്കുന്ന മറ്റൊരു മാര്‍ഗവും യോഗപോലില്ല.'' ഷൂട്ടിംഗ്‌ തിരക്കുകളിലും രജനി യോഗ മുടക്കാറില്ല. യോഗ രജനിക്ക്‌ ഒരു പ്രാര്‍ഥനകൂടിയാണ്‌.

പ്രായം പ്രായമാണ്‌

മാധ്യമങ്ങളും ആരാധകരുമാണ്‌ രജനിയുടെ പിറന്നാള്‍ ഓര്‍മ്മപ്പെടുത്തുന്നത്‌. പ്രായം മറച്ചുവച്ചുകൊണ്ടുള്ള പിറന്നാള്‍ ആഘോഷം രജനിക്കില്ല. ഇക്കഴിഞ്ഞ ഡിസംബറില്‍ 62 വയസായി. ഈ പ്രായം രജനി സ്വയം തിരിച്ചറിയുന്നു. പ്രായത്തെ മറച്ചുവയ്‌ക്കാനാവില്ലെന്ന വലിയ സത്യം രജനി സ്വയം ഉള്‍ക്കൊള്ളുന്നു.

''ആക്‌ക്ഷന്‍ രംഗങ്ങളിലും നൃത്ത - ഗാനരംഗങ്ങളിലും അഭിനയിക്കുമ്പോള്‍ ചിലപ്പോള്‍ പ്രായം തടസമാകാറുണ്ട്‌. ശരീരം വഴങ്ങാത്തതുപോലെ. പക്ഷേ, എന്റെ സംവിധായകര്‍ക്കും ടെക്‌നീഷ്യന്‍ മാര്‍ക്കും എന്നെയും എന്റെ പ്രായവും അതിന്റെ ബുദ്ധിമുട്ടുകളും നന്നായി അറിയാം. അവര്‍ അതെല്ലാം മുന്നില്‍ കണ്ട്‌ ഷൂട്ടിംഗ്‌ മാനേജ്‌ ചെയ്യും. പക്ഷേ, പരാജയപ്പെടുന്നത്‌ പ്രണയരംഗങ്ങളില്‍ മാത്രമാണ്‌. പ്രായം നമ്മുടെ മനോഭാവത്തെ മാറ്റി മറിക്കുന്നുണ്ട്‌. ഉള്ളില്‍ പ്രണയമുണ്ടെങ്കിലും ചിലപ്പോള്‍ അത്‌ മുഖത്ത്‌ പ്രതിഫലിക്കണമെന്നില്ല.'' എന്നിട്ടും രജനിയുടെ നായകന്‍ നായികയോടു ചേര്‍ന്നു നില്‍ക്കുമ്പോള്‍ ആരാധകര്‍ ഇളകി മറിയുന്നു. രജനി സ്‌റ്റൈല്‍ ഡാന്‍സ്‌ തരംഗമാകുന്നു. അതാണ്‌ പ്രായത്തെ മറയ്‌ക്കുന്ന രജനി മാജിക്‌.

അമിതാഭ്‌ എന്ന അത്ഭുതം

സിനിമയില്‍ രജനിയുടെ റോള്‍മോഡല്‍ അമിതാഭ്‌ ബച്ചനാണ്‌. അഭിനയത്തിന്റെ കൊടുമുടിയാണ്‌ അമിതാഭ്‌ എന്ന്‌ രജനി പറയും. ''അമിതാഭിന്റെ ഓരോ നോക്കിലും വാക്കിലും അഭിനയം നിറയുന്നത്‌ ആരും നോക്കിനിന്നുപോകും. അത്രയ്‌ക്ക് കൗതുകമാണ്‌. ഈ പ്രായത്തിലും പുതുതലമുറയെപ്പോലും തോല്‍പ്പിക്കുന്ന ചുറുചുറുക്ക്‌. ഇതെങ്ങനെ സാധിക്കുമെന്ന്‌ ഞാന്‍ അദ്ദേഹത്തോട്‌ ചോദിച്ചിട്ടുണ്ട്‌. ഉത്തരമായി ഒരു ചിരിമാത്രമാണ്‌ ബച്ചനില്‍ നിന്നും കിട്ടുന്നത്‌. എനിക്ക്‌ അദ്ദേഹം എന്നും പ്രചോദനമാണ്‌. പക്ഷേ, എന്റെയും അമിതാഭ്‌ ബച്ചന്റെയും അമീര്‍ഖാന്റെയുമൊക്കെ പ്രചോദനം ദിലീപ്‌ കുമാറാണ്‌.'' ഹിന്ദി സിനിമയില്‍ അഭനയിക്കാന്‍ തുടങ്ങുന്നതിനു മുമ്പേ രജനിക്ക്‌ ഹിന്ദി സിനിമാ താരങ്ങളുമായി അടുത്ത ബന്ധമുണ്ട്‌. മുംബൈയില്‍ താമസിക്കുമ്പോള്‍ അവരില്‍ ഒരാളായിരുന്നു രജനി. ഇന്നും കാത്തു സൂക്ഷിക്കുന്നുണ്ട്‌ ആ സൗഹൃദങ്ങള്‍.

ആശുപത്രി

മൂന്നു വര്‍ഷം മുമ്പാണ്‌ രജനി വൃക്കസംബന്ധമായ അസുഖവുമായി ആശുപത്രി കയറിയത്‌. ആരാധകര്‍ തകര്‍ന്നു പോയതും അന്നാണ്‌. ജീവനും മരണത്തിനുമിടയില്‍ രജനി സഞ്ചരിച്ചു. വാര്‍ത്തകള്‍ പലവിധം പ്രചരിച്ചു. സിനിമാ ലോകം നിശ്‌ചലമായി. വിദഗ്‌ധ ചികിത്സയ്‌ക്കായി സിംഗപ്പൂരിലേക്ക്‌ മാറ്റിയിരുന്നു. പൂര്‍ണ ആരോഗ്യവാനായി രജനി തിരികെ വന്നത്‌ ആരാധകര്‍ക്ക്‌ ആവേശമായി. വീണ്ടും സിനിമയില്‍ സജീവമായി. ''രോഗങ്ങള്‍ മനുഷ്യ സഹജമാണ്‌. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാം. രോഗങ്ങള്‍ക്ക്‌ ആരും അതീതരല്ല. എന്റേത്‌ പക്ഷേ, രണ്ടാം ജന്മമാണ്‌.'' രോഗശയ്യയില്‍ പക്ഷേ, രജനി നിരാശനായില്ല. ലോകം മുഴുവന്‍ രജനിയുടെ തിരിച്ചുവരവിനായി കാത്തിരുന്നു. ''തിരിച്ചു വരാനാവുമെന്ന്‌ എനിക്ക്‌ ഉറപ്പുണ്ടായിരുന്നു. മക്കളോടും ഭാര്യയോടും ഞാന്‍ പറയുമായിരുന്നു അത്‌. രോഗം ഒന്നിന്റെയും അവസാനമല്ല. നമ്മുടെ വാഹനങ്ങളും മറ്റും കേടു സംഭവിക്കുമ്പോള്‍ സര്‍വീസ്‌ ചെയ്യും. അതുപോലൊരു സര്‍വീസ്‌ മാത്രമാണ്‌ രോഗവും ചികിത്സയും.''

രജനി അങ്ങനെയാണ്‌. എല്ലാം അതിന്റെ വഴിയെ വിടും. അമിതമായി ആകുലപ്പെടാറില്ല. എല്ലാ കാര്യങ്ങളോടും വളരെ ശാന്തമായി പ്രതികരിക്കുന്നു. രജനി പിന്തുടരുന്ന ജീവിത ശൈലിയുടെ പ്രത്യേകതയാണിതെന്ന്‌ രജനിയുമായി അടുപ്പമുള്ളവര്‍ പറയും.

കടപ്പാട്‌: - വിവിധ വെബ്‌ സൈറ്റുകളോട്‌
www.vartha.ch