Vartha.ch

യുകെ മലയാളി രൂപേഷ് തോമസിന്റെ വിജയകഥ മലയാളികള്‍ക്കൊരു പാഠപുസ്തകം

hihiകഠിനാധ്വാനത്തെ ജീവിതവ്രതമാക്കിയാല്‍ ഏത് രാജ്യത്തേക്ക് കുടിയേറിയാലും ജീവിതവിജയം കൈയെത്തിപ്പിടിക്കാമെന്ന് തന്റെ ജീവിതത്തിലൂടെ തെളിയിച്ച ചരിത്രമാണ് യുകെ മലയാളിയായ രൂപേഷ് തോമസിനുള്ളത്. കേരളത്തില്‍ ജനിച്ച് വളരുകയും ഓര്‍മ വച്ച നാള്‍ മുതല്‍ ലണ്ടന്‍ ജീവിതം സ്വപ്‌നം കാണുകയും ചെയ്ത ഈ യുവാവ് തന്റെ 23ാം വയസില്‍ സ്ട്രാറ്റ്‌ഫോര്‍ഡിലെത്തിയത് തന്റെ ബൈക്ക് വിറ്റ പണം കൊണ്ടായിരുന്നു. തുടര്‍ന്ന് ഇവിടെ വിവിധ ജോലികള്‍ രാപ്പകല്‍ ചെയ്ത് ചുരുങ്ങിയ കാലം കൊണ്ട് കോടീശ്വരനായ ഈ 39കാരന്റെ കഥ സ്ലംഡോഗ് മില്യണയര്‍ സിനിമയെ വെല്ലുന്നതാണ്.ഡെയിലി മെയില്‍ അടക്കമുള്ള വിവിധ വിദേശ പത്രങ്ങള്‍ ആ വിജയഗാഥ വന്‍ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

2002ല്‍ സ്റ്റുഡന്റ് വിസയിലാണ് ഈ ചെറുപ്പക്കാരന്‍ ഇങ്ങോട്ട് കുടിയേറിയിരുന്നത്. മാക് ഡൊണാള്‍ഡ്സിലും നഴ്സിംഗ് ഹോമിലും ജോലി ചെയ്തായിരുന്നു ആദ്യകാലത്തെ അതിജീവനം. പിന്നീട് ഒരു കമ്പനിയുടെ സെയില്‍സ്മാനായി പ്രവര്‍ത്തിക്കുന്ന കാലത്ത് കണ്ട് പരിചയപ്പെട്ട ഫ്രഞ്ച് കാരിയായ അലക്സാണ്ട്രയുമായി പ്രണയത്തിലാവുകയും 2007ല്‍ അവരെ വിവാഹം കഴിക്കുകയും ചെയ്തു. തന്റെ പ്രിയതമയ്ക്ക് ഇന്ത്യന്‍ ചായയിലുണ്ടായ ഒടുങ്ങാത്ത പ്രണയമാണ് രൂപേഷിനെ ചായ് ടീ ബിസിനസുകാരനാക്കിത്തീര്‍ക്കുകയും അതിലൂടെ കോടീശ്വരനായിത്തീരുന്നതിനും കാരണമായത്.

2015ല്‍ ഒന്നരലക്ഷം പൗണ്ട് മുടക്കി ഈ യുവാവ് തുടങ്ങിയ ചായ് ടീ സംരംഭം ടുക് ടുക് ചായ്ക്ക് ഇന്ന് രണ്ട്മില്യണ്‍ പൗണ്ടിന്റെ ടേണ്‍ഓവറാണുള്ളത്.യുകെയിലെത്തി വെറും 15 വര്‍ഷങ്ങള്‍ കൊണ്ടാണ് അദ്ദേഹം മില്യണയറായിത്തീര്‍ന്നിരിക്കുന്നത്. നിലവില്‍ വളരെ ഉയര്‍ന്ന രീതിയിലുള്ള ജീവിതമാണ് രൂപേഷും കുടുംബവും ഇവിടെ നയിച്ച് വരുന്നത്. അതിന്റെ പ്രതീകമെന്നോണം ഇദ്ദേഹത്തിന്റെ വീടായ സൗത്ത് വെസ്റ്റ് ലണ്ടനിലെ വിംബിള്‍ഡണില്‍ ഒരു മില്യണ്‍ പൗണ്ടിന്റെ പ്രോപ്പര്‍ട്ടി തല ഉയര്‍ത്തി നില്‍ക്കുന്നു. കൂടാതെ സൗത്ത് ലണ്ടനിലെ ക്രോയ്ഡോണില്‍ മൂന്നര ലക്ഷം പൗണ്ട് വില വരുന്ന രണ്ടാമതൊരു വീടും ഈ മലയാളി വാങ്ങിയിട്ടുണ്ട്.

ചെറുപ്പത്തില്‍ തന്റെ വീടിന്റെ ചുമരിലുള്ള ലണ്ടന്‍ നഗരത്തിന്റെ ചിത്രം തനിക്ക് എന്നും പ്രചോദനമേകിയിരുന്നുവെന്നാണ് രൂപേഷ് വെളിപ്പെടുത്തുന്നത്. ഒഴിവ് സമയങ്ങളില്‍ താന്‍ ്അതിലേക്ക് ഉറ്റ് നോക്കാറുണ്ടായിരുന്നുവെന്നും യുകെയിലേക്ക് എങ്ങനെയെങ്കിലും കുടിയേറി ജീവിതം കരുപ്പിടിപ്പിക്കണമെന്ന് സ്വപ്‌നം കാണാറുണ്ടായിരുന്നുവെന്നും രൂപേഷ് ഓര്‍ക്കുന്നു. സ്ട്രാറ്റ്ഫോര്‍ഡിലെത്തിയ രൂപേഷ് മാക് ഡൊണാള്‍ഡില്‍ ജോലിക്ക് കയറുമ്പോള്‍ മണിക്കൂറിന് നാല് പൗണ്ട് മാത്രമായിരുന്നു പ്രതിഫലം ലഭിച്ചിരുന്നതെന്നും രൂപേഷ് വെളിപ്പെടുത്തുന്നു.പിന്നീട് കെയററായും ഡോര്‍ ടു ഡോര്‍ സെയില്‍സ്മാനായും അദ്ദേഹത്തിന്റെ ജീവിതം പുരോഗതിക്കുകയും പിന്നീട് സ്വന്തം ബിസിനസിലേക്ക് നയിക്കപ്പെടുകയുമായിരുന്നു.


www.vartha.ch